ഹരിപ്പാട്: ആലുമൂട്ടിൽ കുടുംബക്ഷേത്ര ക്ഷേമസഭയുടെ കീഴിലുള്ള തെക്കെടത്ത് ശ്രീമഹാദേവർ ക്ഷേത്രത്തിൽ കവർച്ച. ഓഫിസ് കെട്ടിടത്തിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിലെ പണവും കാണിക്കവഞ്ചിയും കവർന്നു. ഏകദേശം 25,000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാര തുറന്ന് പണം കവർന്നതായും ഓഫിസിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ കാണിക്കവഞ്ചി കാണാനില്ലെന്നും വ്യക്തമായി.
കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കൈക്കലാക്കിയ ശേഷം വഞ്ചി സമീപത്തെ പുൽക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ കരീലക്കുളങ്ങര പൊലിസിൽ പരാതി നൽകി. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.